ഓര്‍മ്മയില്‍ ഒരു കാക്കപ്പേടി

ചെറുപ്പത്തില്‍ കോഴിക്കുഞ്ഞുങ്ങളോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു (ഇപ്പോള്‍ ഇഷ്ടമില്ലെന്നല്ല).അമ്മൂമ്മ വീട്ടില്‍ കോഴികളെ വളര്‍ത്തുമായിരുന്നു. കോഴി മുട്ടയിട്ട്‌ അടയിരിക്കുന്ന അന്ന് മുതല്‍ ഞാന്‍ നാളുകള്‍ എണ്ണാന്‍ തുടങ്ങും.ഇരുപത്തി ഒന്നാം ദിവസം അതിരാവിലെ എഴുന്നേല്‍ക്കും.എന്നിട്ട് അമ്മൂമ്മയെ വിളിച്ചുണര്‍ത്തി മുട്ട വിരിഞ്ഞോ എന്ന് നോക്കാന്‍ പറയും."ഈ ചെക്കന്റെ ഒരു കാര്യം, നേരം വെളുത്തിട്ടു നോക്കിയാല്‍ പോരെ?" എന്നൊക്കെ ചോദിക്കുമെങ്കിലും അമ്മൂമ്മ എന്റെ കൂടെ വരും. വെളുപ്പും കറുപ്പും തവിട്ടും നിറങ്ങളിലുള്ള ചെറിയ കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ ചിറകിനടിയില്‍ കണ്ണുമടച്ചിരിപ്പുണ്ടാകും.അതുങ്ങളെ കാണുമ്പോഴുള്ള എന്റെ സന്തോഷം കണ്ടു അമ്മൂമ്മ ചിരിക്കും. കോഴിക്കുഞ്ഞുങ്ങളുടെ അടുത്ത് ചെന്നാല്‍ തള്ളക്കോഴി കൊത്താന്‍ വരുമെന്ന് ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്.എന്തോ! എന്റെ വീട്ടിലെ ഒരു കോഴിയും എന്നെ ഇത് വരെ ഒന്നും ചെയ്തിട്ടില്ല.കോഴിക്കുഞ്ഞുങ്ങളെ കയ്യിലെടുത്താല്‍ മാത്രം അമ്മൂമ്മ ചീത്ത പറയും.പക്ഷേ അതൊന്നും ഞാന്‍ കൂട്ടാക്കാറില്ല.പിന്നെ കുറെ നാള്‍ അവറ്റകളുടെ കൂടെ തന്നെ ആയിരിക്കും.തീറ്റ കൊടുക്കാനും അടുത്ത് വരുന്ന പരുന്തിനേയും മറ്റും ഓടിക്കാനും ഒക്കെയായി....

അങ്ങനെ ഒരിക്കല്‍ തള്ളക്കോഴി കുഞ്ഞുങ്ങളുമായി പറമ്പില്‍ ചിക്കിച്ചികയുന്ന നേരം.ഒരു കാക്ക വന്നു കോഴിക്കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ ഒരു ശ്രമം നടത്തി.ഞാന്‍ അതിനെ ഓടിച്ചു.അത് പോയി ഇരിക്കുന്ന മരത്തിലൊക്കെ ഞാന്‍ തുടരെ തുടരെ കല്ലെറിഞ്ഞു.അതിനെ പിന്നെ എന്റെ അടുത്ത് വരാന്‍ പോലും ഞാന്‍ സമ്മതിച്ചില്ല.അതിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്.പിറ്റേ ദിവസം മുറ്റത്തെക്കിറങ്ങിയപ്പോള്‍ എന്റെ തലയ്ക്കു 'തട്ടി തട്ടിയില്ല' എന്ന മട്ടില്‍ എന്തോ പറന്നു പോയി.തലയുയര്‍ത്തി നോക്കുമ്പോഴുണ്ട്‌ നമ്മുടെ കാക്ക.അടുത്ത പ്രാവശ്യം അത് എന്നെ കൊത്തി.കല്ലെടുത്ത്‌ എറിയാന്‍ എനിക്ക് പേടിയായി.പിന്നെ എനിക്ക് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായി. മുറ്റത്തെക്കിറങ്ങിയാല്‍ എവിടെ നിന്നെങ്കിലും ആ നശിച്ച കാക്ക പറന്നു വന്നു തലയില്‍ കൊത്തും.ഒരു കാക്കയ്ക്ക് ഏതൊരു ആള്‍ക്കൂട്ടത്തിലും ഒരാളെ തിരിച്ചറിയാം എന്ന അവിശ്വസനീയമായ സത്യം ഞാന്‍ വേദനയോടെ മനസ്സിലാക്കി.അങ്ങനെ ഗത്യന്തരമില്ലാതെ, കടയിലൊക്കെ പോകുമ്പോള്‍ ഞാന്‍ ഒരു 'കുട' ചൂടാന്‍ തുടങ്ങി. അതു മാത്രമായിരുന്നു ഒരേയൊരു പോംവഴി.മഴയില്ലാത്ത സമയത്ത് കുട ചൂടി നടക്കുന്നത് നാണക്കേടല്ലേ? "കാക്ക അതൊക്കെ മറന്നിട്ടുണ്ടാകും" എന്ന് അച്ചന്‍ പറയുക കൂടി ചെയ്തപ്പോള്‍ ഒന്ന് രണ്ടാഴ്ച്ചകള്‍ക്ക് ശേഷം ഞാന്‍ കുടയില്ലാതെ പുറത്തിറങ്ങി. അഞ്ചു മിനുട്ട് കഴിയുമ്പോഴേക്ക് കൊത് കൊള്ളുകയും ചെയ്തു.ഞാന്‍ ജീവനും കൊണ്ട് ഓടി വീട്ടില്‍ കേറി.അതിനു ശേഷം അച്ചന്‍ എനിക്കൊരു തൊപ്പി വാങ്ങിത്തന്നു.അത് ക്ലിക്ക് ചെയ്തു.ഏകദേശം ഒരു മാസത്തോളം ഞാന്‍ അത് ഉപയോഗിച്ചിട്ടുണ്ടാവും.ഏതായാലും അതോടെ കാക്ക ശല്യം അതോടെ തീര്‍ന്നു.ഒരു പക്ഷെ കാക്ക എനിക്ക് മാപ്പു തന്നു കാണും.അതിനു ശേഷം ആരെങ്കിലും കാക്കയെ എറിയുന്നത് കണ്ടാല്‍ ഞാന്‍ ആ ഭാഗത്തേക്ക് പോകാറില്ല.എന്തിനാ പാവം മിണ്ടാപ്രാണികളെ ഉപദ്രവിക്കുനത്??

അതൊക്കെ ഒരു കാലം... മഞ്ചാടി പെറുക്കിയും ആരാന്റെ പറമ്പിലെ മാങ്ങ എറിഞ്ഞു വീഴ്ത്തിയും നടന്ന കാലം.ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ അത്തരം ചില തമാശകള്‍ നിറം മങ്ങാത്ത ഓര്‍മ്മകളായ് ഇന്നും മനസ്സില്‍ ഉണ്ട്.പറയാന്‍ തുടങ്ങിയാല്‍ പെട്ടെന്നൊന്നും തീരില്ല.പിന്നീട് ഒരിക്കല്‍ ആകട്ടെ... 
0 Responses