സുഹറ എന്നൊരു സഹപാഠി

എത്രയോ നാളുകള്‍ കോരിച്ചൊരിയുന്ന മഴയത്ത് കുടയും ചൂടി ഈ സ്കൂള്‍ മുറ്റത്തു കൂടി നടന്നിരിക്കുന്നു. അന്നു പക്ഷെ കൈയ്യില്‍ പുസ്തകങ്ങളുണ്ടായിരുന്നു, വേഷം യൂണിഫോം ആയിരുന്നു.ഇന്നത്തെ മാറിയ യൂണിഫോമില്‍ പരിചയമുള്ള ഒരു മുഖം പോലും ഇല്ല. സ്കൂള്‍ പരിസരം പഴതിനേക്കാള്‍ ഒരു പാട് ശാന്തമായിരിക്കുന്നു.ഒരു പക്ഷേ അന്നത്തെ പോലെ സമരങ്ങളും ആര്‍പ്പുവിളികളുമൊന്നും ഇന്നുണ്ടാവില്ല.പഴയ സ്കൂള്‍ കെട്ടിടത്തിന്റെ വലിയൊരു ഭാഗവും പൊളിച്ചു മാറ്റപ്പെട്ടിരിക്കുന്നു.രണ്ടാമത്തെ നിലയിലേക്ക് നടന്നു നീങ്ങുന്നതിനിടയില്‍ ഞാന്‍ ക്ലാസ്സ്‌ റൂമുകളിലേക്ക് ചുമ്മാ എത്തി നോക്കി.എന്നെ പഠിപ്പിചിരുന്ന അധ്യാപകരില്‍ ചിലര്‍ ഇന്നും, പഴയ പോലെ തന്നെ വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ...

തിരിച്ചറിയല്‍ കാര്‍ഡിനായുള്ള ഫോട്ടോ എടുക്കാന്‍ വേണ്ടി വളയം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വന്നതായിരുന്നു ഞാന്‍.അപേക്ഷാ ഫോമിനായുള്ള ക്യൂവില്‍ നില്‍ക്കുമ്പോള്‍ പഴയ സഹപാഠികളില്‍ പലരെയും ഞാന്‍ കണ്ടു.ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹേഷ്‌ എന്ന പയ്യന്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു ചിരിച്ചു കൊണ്ട് നടന്നു പോയി.എന്ത് ചെയ്യുകയാണ് എന്നൊന്നും ചോദിക്കാന്‍ പറ്റിയില്ല.ഫോം പൂരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ രാരിന എന്നെ കണ്ടു ഓടി വന്നു.അവള്‍ക്കു കോഴിക്കോട് താജ്‌ ഹോട്ടലിലേക്ക് ജോലി മാറ്റം കിട്ടിയത്രേ.
"നീ പുറത്തേക്കൊന്നും ശ്രമിക്കുന്നില്ലേ? ബോണ്ട്‌ പീരീഡ്‌ ഒക്കെ കഴിഞ്ഞു കാണുമല്ലോ!"
"തല്‍ക്കാലം ബാംഗ്ലൂര്‍ വിട്ടു ഞാന്‍ എങ്ങോട്ടുമില്ല."
"നീ ബാംഗ്ലൂര്‍ എന്നും പറഞ്ഞു ഇവിടിരുന്നോ....ഞാന്‍ ഒരവസരം കാത്തിരിക്കുകയാ ഗള്‍ഫിലേക്ക് പോകാന്‍.ഇവിടെ ജോലി ചെയ്തിട്റ്റൊന്നും ഒരു കാര്യമില്ല."
ചിരിച്ചു കൊണ്ട് അവള്‍ നടന്നു പോയി.വളരെ ഒതുങ്ങി കൂടിയ പ്രകൃതക്കാരിയായിരുന്ന അവളിലെ മാറ്റം എന്നെ ഇതിനു മുന്‍പ് തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

പൂരിപ്പിച്ച ഫോം കൊടുക്കുന്നതിനിടെ അരികില്‍ നിന്ന പര്‍ദ്ദ ധരിച്ച പെണ്‍കുട്ടിയുടെ കറുത്ത ബുര്ഖയണിഞ്ഞ മുഖത്ത് എന്റെ കണ്ണുകള്‍ ഉടക്കി.സൗന്ദര്യം ജ്വലിക്കുന്ന മുഖത്തെ മായാത്ത പുഞ്ചിരി.ഓര്‍മ്മകള്‍ പുറകോട്ടു പാഞ്ഞു.പത്ത് വര്‍ഷങ്ങള്‍ക്കുമപ്പുറം.സുഹറ.....,അന്നും അവള്‍ക്കു എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമായിരുന്നു.അന്ന് നല്ല ഉയരമുണ്ടായിരുന്ന അവള്‍ ബാക്ക് ബെഞ്ചില്‍ ആയിരുന്നു ഇരിക്കാറ്.ആത്മവിശ്വാസം കലര്‍ന്ന ഉത്തരങ്ങള്‍,അറിയില്ലെങ്കില്‍ അറിയില്ലെന്ന് ഒരു മടിയും കൂടാതെ പറയാനുള്ള ധൈര്യം...നിറഞ്ഞ ഉന്മേഷത്തോടെ അല്ലാതെ ഇത് വരെ ഞാന്‍ അവളെ കണ്ടിട്ടില്ല.എനിക്ക് അവളെ വലിയ ഇഷ്ടമായിരുന്നു.പ്രേമം എന്ന് പറയുന്ന വികാരം ഒക്കെ എന്താണ് എന്ന് അറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത പ്രായത്തില്‍ തോന്നിയ ഒരിഷ്ടം.

"സുഹറാ..." എന്ന എന്റെ വിളിയില്‍ അവള്‍ തിരിഞ്ഞു നോക്കി.ആ പുഞ്ചിരി ഒന്നു കൂടി വിടര്‍ന്നു.നീണ്ട പത്ത് വര്‍ഷങ്ങള്‍ അവള്‍ക്കു ഒരു പാട് മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല.പക്ഷെ ഞാന്‍ ചിലപ്പോള്‍ മാറിയിട്ടുണ്ടാവും.എന്നെ അവള്‍ക്കു മനസ്സിലായി കാണുമോ?
"മുകേഷ്‌ അല്ലെ?"
ഞാനും ചിരിച്ചു,മറുപടിയായി.
"ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണോ?"
"അല്ല, ജോലി ചെയ്യുകയാണ്."
"എവിടെ? എന്താ ജോലി?"
"ബാംഗ്ലൂരില്‍, ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ ആയി."

അവള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നതിനു മുന്‍പു എന്റെ പേര് വിളിച്ചു,ഫോട്ടോ എടുക്കാന്‍.അത് കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവള്‍ അവിടെ ഉണ്ടായിരുന്നില്ല.അവള്‍ പര്‍ദ്ദ ആണല്ലോ ധരിചിരിക്കുന്നത്, ഒരു പക്ഷെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നുള്ള അവളുടെ കല്യാണം കഴിഞ്ഞിരിക്കാം, പഠിത്തം ഒക്കെ നിര്‍ത്തി വീട്ടമ്മയായി കഴിയുന്നുണ്ടാവാം, പാവം.. എന്നൊക്കെ ചിന്തിച്ചു ഞാന്‍ പുറത്തിറങ്ങി.നേര്‍ത്ത ചാറ്റല്‍ മഴ പെയ്തു കൊണ്ടേയിരുന്നു.ഞാന്‍ കുട നിവര്‍ത്തി.പോകുന്നതിനു മുന്‍പ് ഒന്ന് കൂടി തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.ഏതാണ്ട് ഒരു മൂന്നു വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുഞ്ഞിനെ കൈയ്യിലും വെളുത്ത് തുടുത്ത മറ്റൊരു കുഞ്ഞിനെ ഒക്കത്തും ചേര്‍ത്ത് പിടിച്ചു പടിയിറങ്ങി വരുന്നു അവള്‍,സുഹറ...എന്നെ നോക്കി പുഞ്ചിരിച്ചു കുടയും ചൂടി അവള്‍ നടന്നു പോയി,നീണ്ടു നിവര്‍ന്നു കിടക്കുന്ന സ്കൂള്‍ മൈതാനിയില്‍ കൂടെ.

Painting Done for Glmpses Magazine

നോവാണു പ്രണയം

മനസ്സിന്റെ ഏതോ ഒരു കോണില്‍ ഓര്‍മ്മകള്‍ 
മഴയായ് പെയ്യുമ്പോള്‍ 
നിനവുകള്‍ വീണ്ടും പ്രണയാര്‍ദ്രമാകുന്നു.
നീര്‍ത്തുള്ളികളായ് മിഴികള്‍ അതേറ്റു വാങ്ങുന്നു.
മലര്‍ പോലെ, മലര്‍ തന്നിലെ മധു പോലെ 
ഹൃദ്യമീ പ്രണയ,മെന്നേറ്റു പാടവേ
ആര് കാണുന്നുവെന്‍ ഹൃത്തടത്തില്‍ 
പ്രണയമേല്പ്പിച്ച   മുറിപ്പാടുകള്‍? 
ഒരു വസന്തം മുഴുവനും നീയെന്നില്‍ 
ഒരു സ്നേഹപുഷ്പമായ് നിറഞ്ഞിരുന്നു.
കൊഴിഞ്ഞ സുമങ്ങളായ് വസന്തം
വിട നല്‍കിയപ്പോഴും 
മാഞ്ഞില്ല നിന്‍ സുഗന്ധം, മഞ്ഞു പോല്‍
ശീതളമായി നീളെ.
നീലവാനില്‍ നിറക്കൂട്ട്‌ ചാര്‍ത്തി മഴവില്ല് വിരിയവെ
എന്നിലും വിരിയുന്നൊരു പനിനീര്‍പ്പൂവെ,ങ്കിലും  
വാടി വീഴുന്നു നിന്‍ സ്മരണകളില്‍.
നിറങ്ങളും സംഗീതവും
പ്രണയത്തിന്റെ സമര്‍പ്പണങ്ങളാകവേ 
അറിയുന്നു ഞാന്‍ ഉള്ളിന്റെയുള്ളില്‍ 
ഭ്രാന്തമാമോരാവേശം തന്നെയീ പ്രണയം.

ഓര്‍മ്മയില്‍ ഒരു കാക്കപ്പേടി

ചെറുപ്പത്തില്‍ കോഴിക്കുഞ്ഞുങ്ങളോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു (ഇപ്പോള്‍ ഇഷ്ടമില്ലെന്നല്ല).അമ്മൂമ്മ വീട്ടില്‍ കോഴികളെ വളര്‍ത്തുമായിരുന്നു. കോഴി മുട്ടയിട്ട്‌ അടയിരിക്കുന്ന അന്ന് മുതല്‍ ഞാന്‍ നാളുകള്‍ എണ്ണാന്‍ തുടങ്ങും.ഇരുപത്തി ഒന്നാം ദിവസം അതിരാവിലെ എഴുന്നേല്‍ക്കും.എന്നിട്ട് അമ്മൂമ്മയെ വിളിച്ചുണര്‍ത്തി മുട്ട വിരിഞ്ഞോ എന്ന് നോക്കാന്‍ പറയും."ഈ ചെക്കന്റെ ഒരു കാര്യം, നേരം വെളുത്തിട്ടു നോക്കിയാല്‍ പോരെ?" എന്നൊക്കെ ചോദിക്കുമെങ്കിലും അമ്മൂമ്മ എന്റെ കൂടെ വരും. വെളുപ്പും കറുപ്പും തവിട്ടും നിറങ്ങളിലുള്ള ചെറിയ കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ ചിറകിനടിയില്‍ കണ്ണുമടച്ചിരിപ്പുണ്ടാകും.അതുങ്ങളെ കാണുമ്പോഴുള്ള എന്റെ സന്തോഷം കണ്ടു അമ്മൂമ്മ ചിരിക്കും. കോഴിക്കുഞ്ഞുങ്ങളുടെ അടുത്ത് ചെന്നാല്‍ തള്ളക്കോഴി കൊത്താന്‍ വരുമെന്ന് ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്.എന്തോ! എന്റെ വീട്ടിലെ ഒരു കോഴിയും എന്നെ ഇത് വരെ ഒന്നും ചെയ്തിട്ടില്ല.കോഴിക്കുഞ്ഞുങ്ങളെ കയ്യിലെടുത്താല്‍ മാത്രം അമ്മൂമ്മ ചീത്ത പറയും.പക്ഷേ അതൊന്നും ഞാന്‍ കൂട്ടാക്കാറില്ല.പിന്നെ കുറെ നാള്‍ അവറ്റകളുടെ കൂടെ തന്നെ ആയിരിക്കും.തീറ്റ കൊടുക്കാനും അടുത്ത് വരുന്ന പരുന്തിനേയും മറ്റും ഓടിക്കാനും ഒക്കെയായി....

അങ്ങനെ ഒരിക്കല്‍ തള്ളക്കോഴി കുഞ്ഞുങ്ങളുമായി പറമ്പില്‍ ചിക്കിച്ചികയുന്ന നേരം.ഒരു കാക്ക വന്നു കോഴിക്കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ ഒരു ശ്രമം നടത്തി.ഞാന്‍ അതിനെ ഓടിച്ചു.അത് പോയി ഇരിക്കുന്ന മരത്തിലൊക്കെ ഞാന്‍ തുടരെ തുടരെ കല്ലെറിഞ്ഞു.അതിനെ പിന്നെ എന്റെ അടുത്ത് വരാന്‍ പോലും ഞാന്‍ സമ്മതിച്ചില്ല.അതിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്.പിറ്റേ ദിവസം മുറ്റത്തെക്കിറങ്ങിയപ്പോള്‍ എന്റെ തലയ്ക്കു 'തട്ടി തട്ടിയില്ല' എന്ന മട്ടില്‍ എന്തോ പറന്നു പോയി.തലയുയര്‍ത്തി നോക്കുമ്പോഴുണ്ട്‌ നമ്മുടെ കാക്ക.അടുത്ത പ്രാവശ്യം അത് എന്നെ കൊത്തി.കല്ലെടുത്ത്‌ എറിയാന്‍ എനിക്ക് പേടിയായി.പിന്നെ എനിക്ക് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായി. മുറ്റത്തെക്കിറങ്ങിയാല്‍ എവിടെ നിന്നെങ്കിലും ആ നശിച്ച കാക്ക പറന്നു വന്നു തലയില്‍ കൊത്തും.ഒരു കാക്കയ്ക്ക് ഏതൊരു ആള്‍ക്കൂട്ടത്തിലും ഒരാളെ തിരിച്ചറിയാം എന്ന അവിശ്വസനീയമായ സത്യം ഞാന്‍ വേദനയോടെ മനസ്സിലാക്കി.അങ്ങനെ ഗത്യന്തരമില്ലാതെ, കടയിലൊക്കെ പോകുമ്പോള്‍ ഞാന്‍ ഒരു 'കുട' ചൂടാന്‍ തുടങ്ങി. അതു മാത്രമായിരുന്നു ഒരേയൊരു പോംവഴി.മഴയില്ലാത്ത സമയത്ത് കുട ചൂടി നടക്കുന്നത് നാണക്കേടല്ലേ? "കാക്ക അതൊക്കെ മറന്നിട്ടുണ്ടാകും" എന്ന് അച്ചന്‍ പറയുക കൂടി ചെയ്തപ്പോള്‍ ഒന്ന് രണ്ടാഴ്ച്ചകള്‍ക്ക് ശേഷം ഞാന്‍ കുടയില്ലാതെ പുറത്തിറങ്ങി. അഞ്ചു മിനുട്ട് കഴിയുമ്പോഴേക്ക് കൊത് കൊള്ളുകയും ചെയ്തു.ഞാന്‍ ജീവനും കൊണ്ട് ഓടി വീട്ടില്‍ കേറി.അതിനു ശേഷം അച്ചന്‍ എനിക്കൊരു തൊപ്പി വാങ്ങിത്തന്നു.അത് ക്ലിക്ക് ചെയ്തു.ഏകദേശം ഒരു മാസത്തോളം ഞാന്‍ അത് ഉപയോഗിച്ചിട്ടുണ്ടാവും.ഏതായാലും അതോടെ കാക്ക ശല്യം അതോടെ തീര്‍ന്നു.ഒരു പക്ഷെ കാക്ക എനിക്ക് മാപ്പു തന്നു കാണും.അതിനു ശേഷം ആരെങ്കിലും കാക്കയെ എറിയുന്നത് കണ്ടാല്‍ ഞാന്‍ ആ ഭാഗത്തേക്ക് പോകാറില്ല.എന്തിനാ പാവം മിണ്ടാപ്രാണികളെ ഉപദ്രവിക്കുനത്??

അതൊക്കെ ഒരു കാലം... മഞ്ചാടി പെറുക്കിയും ആരാന്റെ പറമ്പിലെ മാങ്ങ എറിഞ്ഞു വീഴ്ത്തിയും നടന്ന കാലം.ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ അത്തരം ചില തമാശകള്‍ നിറം മങ്ങാത്ത ഓര്‍മ്മകളായ് ഇന്നും മനസ്സില്‍ ഉണ്ട്.പറയാന്‍ തുടങ്ങിയാല്‍ പെട്ടെന്നൊന്നും തീരില്ല.പിന്നീട് ഒരിക്കല്‍ ആകട്ടെ... 

Colours of life : My painting

ഇവിടെ തുടങ്ങട്ടെ...

ഈ സാഹിത്യ വാസന എന്ന് പറയുന്ന കഴിവ് ഒരിക്കലും മൂടി വയ്ക്കാന്‍ പറ്റുന്ന ഒന്നല്ല .ആ തിരിച്ചറിവ് തന്നെയാണ് എന്നെ എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചു കൊണ്ടുവന്നിരിക്കുന്നത്.ഇത് വായിച്ചിട്ട് ഞാന്‍ ഒരു വലിയ എഴുത്തുകാരന്‍ ആണെന്നൊന്നും തെറ്റിദ്ധരിക്കരുത് കേട്ടോ! സാഹിത്യം ഒരു പാട് ഇഷ്ടപ്പെടുന്ന,ഒരു പാട് എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി,അത്ര മാത്രം...മനസ്സില്‍ തോന്നുന്നതൊക്കെ എഴുതി വയ്ക്കാന്‍ പറ്റിയ ഒരിടമായി ഞാന്‍ ഈ ബ്ലോഗിനെ കാണുന്നു.എത്ര കാലം എത്രത്തോളം എഴുതാന്‍ പറ്റും എന്നൊന്നും എനിക്കറിയില്ല.എന്തായാലും ഞാന്‍ ഇവിടെ തുടക്കം കുറിക്കാന്‍ പോവുകയാണ്.ഇത്രയും കാലം മനസ്സില്‍ സൂക്ഷിച്ചു വച്ചതൊക്കെ ഇനിയൊന്നു പൊടി തട്ടി എടുക്കണം.ആരെങ്കിലുമൊക്കെ എപ്പോഴെങ്കിലും ഇത് വായിക്കും എന്നെ അറിയും എന്ന പ്രതീക്ഷയോടെ.......